Friday, July 4, 2014

025

ഓടക്കുഴലേ പോന്നോടക്കുഴലേ
കണ്ണന്റെ ചുംബനമേറ്റവളെ
സ്ഥൂലയാം നിന്നെ പൊതിയുന്നോരംഗുലീ
ജാലത്തിൽ സ്വയം മറന്നു പാടിയോളെ..
നിൻ പുണ്യ ജന്മത്തിനൊപ്പമെത്താനെൻ-
നാരീ ജന്മത്തിനാവതില്ലെങ്കിലും
ഗുരുപവനപുരേ വന്നെത്തി നിന്നാലെൻ-
മനമിന്നു മുരളിയായ് പാടുകയല്ലേ
കൃഷ്ണഗീതികൾ കൊതി തീരെ പാടുകയല്ലേ
........................കൃഷ്ണപ്രിയ 


കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
   https://www.facebook.com/Krsnadhanuss

 


024

മധുരമൊരു ഗീതത്തിലുറങ്ങിപ്പോയീ
രാധികയാരാധികതൻ മനം
മധുപമായ് നിൻ മുഖപത്മത്തിൽ കുടുങ്ങിപ്പോയീ
വ്രജഗോപികമാരുടെ ഹൃദയം
മറു ജന്മങ്ങൾ പലതും പിറക്കിലും
മറക്കുവാനാകുമോ കണ്ണാ
കോലക്കുഴൽ വിളിയും തൂമന്ദഹാസവും
.........................കൃഷ്ണപ്രിയ 


കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
   https://www.facebook.com/Krsnadhanuss


023

നന്ദകുമാരനെൻ പ്രിയനെന്റെ പ്രാണൻ
ഒഴുകും യമുനപോൽ ഹൃദയത്തെ കുളിർപ്പവൻ
കാട്ടുകടമ്പാമെൻ കരളിൽ പൂവിരിയിച്ചവൻ
കാനന വീഥിയിൽ കാറ്റായ് വന്നു പുണർന്നവൻ
ഈ ഗോപബാലനെൻ ഉയിരിൽ കലർന്നെന്റെ
ജീവശ്വാസമായ് മാറിയിരിപ്പവൻ
അവനെന്റെ കണ്ണൻ......
.........................കൃഷ്ണപ്രിയ 


കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
   https://www.facebook.com/Krsnadhanuss


022

നിൻ കുഴൽവിളി കേട്ടല്ലോ വൃന്ദാവനം
പൂങ്കാവനമായ് മാറിയതെൻ കണ്ണാ
നന്ദഗോപകുമാരന്റെ പുഞ്ചിരി കണ്ടല്ലോ-
ഉദയാസ്തമയങ്ങൾ വന്നെത്തി നോക്കുന്നു
നീലാളകാളികൾ കണ്ടു കൈ തൊഴാനായ്
യമുനയിലോളങ്ങൾ കരയിൽ പിച്ചവെച്ചു നടക്കുന്നു
നിന്റെ പദതളിർ ചുംബിച്ചുറങ്ങാനായ് മാത്രമെൻ-
മാനസ സരസ്സിൽ അരവിന്ദജാലം വിരിഞ്ഞു നില്ക്കുന്നു
...................................കൃഷ്ണപ്രിയ 


കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
   https://www.facebook.com/Krsnadhanuss






021

മുരളീലോലാ മമ ഹൃദയേശാ
മധുരമായ് പാടുകെൻ ദേവാ
വൃന്ദാവന ലതികാഗൃഹത്തിൽ നിൻ
പ്രിയ രാധേശ്വരി കേട്ടിരിക്കെ
മധുരമായ് പാടുകെൻ ദേവാ
അലസ മൊഴുകും കാളിന്ദിയുറങ്ങാതെ
നിന്റെ പാട്ടിനു ശ്രുതി മീട്ടിയില്ലേ
എൻ നൂപുരമണികളാ കുഴലൊച്ച കേൾക്കവേ-
മതി മറന്നാടാൻ തുടങ്ങിയില്ലേ
മധുരമായ് പാടുകെൻ ദേവാ
അനുരാഗ പൂരിതം ഈ രാവു പുലരുവാൻ
താരകൾ തിരിവെട്ടം തെളിയിച്ചു നിന്നില്ലേ
വിടരാൻ കൊതിച്ചൊരു നെയ്യാമ്പൽ മൊട്ടുകൾ-
കളിയായ്‌ കണ്‍ ചിമ്മി നാണിച്ചു നിന്നില്ലേ
മധുരമായ് പാടുകെൻ ദേവാ
........................കൃഷ്ണപ്രിയ 


കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
   https://www.facebook.com/Krsnadhanuss


020

ചന്ദനം ചാർത്തിയ തളിർമേനി തഴുകിയെൻ
ചാരത്തണയുമീ പവനനും സുഗന്ധം
കാതോരമെത്തിയ കാറ്റിൻ കൈകളിൽ
മുരളീവാദന മധുരാർദ്രഗീതം
കണ്ണൻ ചാരത്തണയുവതിൻ നേരം
മനം ചിലങ്കയിട്ടാടുന്ന ഘോഷം......
.......................കൃഷ്ണപ്രിയ 


കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
   https://www.facebook.com/Krsnadhanuss


019

ഗോക്കളെമേക്കുന്ന ഗോകുലബാലനു
ഗോപീ ഹൃദയങ്ങളേറെയിഷ്ടം
നൽവെണ്ണ പോലെ കട്ടു തിന്നൂ സദാ
കണ്ണനീ ഗോലോകവാസീ ഹൃദയങ്ങൾ
കണ്ണനെ കണ്ടിടായ്കിലോ ഉരുകുന്നീ
മാനവഹൃദയങ്ങൾ തൃക്കൈ വെണ്ണ പോലെ
................................കൃഷ്ണപ്രിയ 


കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
   https://www.facebook.com/Krsnadhanuss


018

ഓമനക്കണ്ണനെ വാരിയെടുക്കുവാൻ
എത്രജന്മം ഞാൻ കാത്തുനിൽക്കേണം
ഓടിവന്നെൻറെ മാറിൽ ചായുന്ന
അമ്പാടി പൈതലേ കാണുവാനായ്
കണ്‍ നിറയെ നിന്നെ കണ്ടൊന്നിരിക്കാൻ
കടക്കണ്ണിൽ തുളുമ്പുന്ന കുറുമ്പൊന്നു കാണാൻ
അമ്മയെന്നെന്നെ കൊഞ്ചി വിളിക്കുന്ന കേൾക്കാൻ
...............................കൃഷ്ണപ്രിയ 


കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
   https://www.facebook.com/Krsnadhanuss


017

കളവേണു നാദം ചൊരിഞ്ഞും
കളിയായി നോക്കി ചിരിച്ചും
ഹൃദയത്തിൽ പ്രണയം മാരിയായ്‌ പെയ്യിച്ചും-
ഗോപകുമാരൻ ഗുരുപവനപുരേശൻ
ഓരോ ഹൃദയവും ശ്രീകോവിലാക്കുന്ന പുണ്യം
..........................കൃഷ്ണപ്രിയ 


കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
   https://www.facebook.com/Krsnadhanuss


016

ദ്വാപരയുഗത്തിലെ ഗോപകുമാരൻ
ഈ ഗോലോകമാകെ നിറഞ്ഞവനവൻ
ഗോപീഹൃദയങ്ങൾ നറുംവെണ്ണപോലുരുക്കീ
തൃക്കയ്യിൽ ചേർത്തു പിടിക്കുന്നവൻ
നന്ദനന്ദനൻ കാറൊളി വർണ്ണൻ
രാധാ റാണിതൻ ഹൃദയേശ്വരൻ
..........................................കൃഷ്ണപ്രിയ 


കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും

   https://www.facebook.com/Krsnadhanuss 


015

അമ്പാടി തന്നിലെ ഉണ്ണിയല്ലേ
സർവ ജനത്തിനും കണ്ണിലുണ്ണിയല്ലേ
കാലികൾ മേച്ചു നടക്കയല്ലേ
കാലി ചെറുക്കനെന്നെല്ലാരും കൊഞ്ചുകയല്ലേ
കാളിന്ദീ തീരത്ത് നിൽക്കയല്ലേ
കയ്യിൽ പൊന്നു പുല്ലാംകുഴൽ ചന്തമില്ലേ
കണ്ണാ എന്നേവരും വിളിക്കയല്ലേ
എന്റെ അമ്പാടി പൂന്തിങ്കൾ ചിരിക്കയല്ലേ
കള്ളച്ചിരി കൊണ്ടെൻ വേദനമായ്ക്കുകല്ലേ
................................................കൃഷ്ണപ്രിയ 


കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും

   https://www.facebook.com/Krsnadhanuss 


014

രാജീവനയനനെൻ ചാരത്തുനിൽകുമ്പോൾ
നീലാരവിന്ദം വിരിഞ്ഞ പോലെ
അതിൽ മധുപമായെൻ മിഴികൾ-
അലഞ്ഞേറെ തളരുമ്പോൾ
കടക്കണ്ണിൽ ചെറു കുറുമ്പോടെ
കുഴൽവിളി മധുരത്തിൽ മയക്കി
എന്തെന്തു മായങ്ങളെൻ മുന്നിലിന്നു-
ചെയ്തിടുന്നല്ലോ കാർവർണ്ണൻ
കരൾ കട്ടെടുത്തല്ലോ മേഘവർണ്ണൻ
.....................കൃഷ്ണപ്രിയ 


കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും

   https://www.facebook.com/Krsnadhanuss 


013

ഇനി എന്തു വേണമെൻ കണ്ണാ
നിന്റെ കരുണാകടാക്ഷം
തിരമുറിയാത്തൊരീ കടലുപോലെ
എന്നെ തഴുകി തലോടി ഇരിക്കവേ
ഇനിയെന്തുവേണം എനിക്കെന്റെ ജന്മം
ധന്യമായ് തീർത്തല്ലോ എന്റെ കണ്ണാ
.....................................കൃഷ്ണപ്രിയ 


കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും

   https://www.facebook.com/Krsnadhanuss 


012

ഒരു നൂറുപീലിക്കണ്ണുകൾ
വേണമെൻ കണ്ണനെ കാണുവാൻ
കണ്ണിനും കണ്ണായ പുണ്യത്തെ കാണുവാൻ
കൊതിതീരെ നോക്കി നോക്കിയെൻ
കണ്ണനെ കണികണ്ടുണർന്നീടാനായ്
ഒരു നൂറു പീലികണ്ണുകളെൻ
കണ്ണുകളായി ചേർത്തുവെച്ചീടണം
..............................കൃഷ്ണപ്രിയ 


കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും

   https://www.facebook.com/Krsnadhanuss 


011


ഹരേമുരാരേ തേടിയലഞ്ഞു ഞാൻ
ദ്വാരക തന്നിലാകെ
ഗോപീഹൃദയ വിഹാരിയാം
കാറൊളി വർണ്ണനെ കാണുവാനായ്
കാട്ടു കടമ്പുകൾ
കളിയാക്കി ചിരിച്ചെന്റെ
കരളിലെ കദനം ഏറ്റുന്നു കണ്ണാ
ഇനി വരില്ലേ നീ ഒരു മാത്രയെങ്കിലും
ഈ തുളസീ ദളം മാറിലണിയുകില്ലേ..
............................കൃഷ്ണപ്രിയ 




കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും

    https://www.facebook.com/Krsnadhanuss